ഹയർ സെക്കന്ററി പ്രായോഗിക പരീക്ഷകൾ ജൂൺ 29 മുതൽ.... June 29-Botany, July 2-Physics, July 5-Maths, July6-Chemistry, July7- Zoology

സര്‍വ്വോദയ ചരിത്രത്തിലും വര്‍ത്തമാനത്തിലും


 



    വയനാടിന്റെ ഹൃദയഭാഗമായ പനമരത്തിനും, കമ്പളക്കാട് ടൗണിനും ഏതാണ്ട് 6 കിലോമീറ്റര്‍ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന തികച്ചും ഗ്രാമീണത നിറഞ്ഞ സ്ഥലമാണ് ഏച്ചോം.

    നിബിഢമായി വളര്‍ന്ന മുളങ്കാടുകളാലും കാട്ടുമൃഗങ്ങളാലും കാല്‍നടയാത്ര പോലും അസാധ്യമായിരുന്ന ഈ സ്ഥലത്ത് ശ്രീ. എന്‍.കെ. കുഞ്ഞികൃഷ്ണന്‍ നായരുടെ മാനേജ്‌മെന്റിന് കീഴില്‍ 1951 സെപ്തംബര്‍ 3-ാം തീയതി തിങ്കളാഴ്ച അന്നത്തെ വയനാട് എം.എല്‍.എ. ശ്രീ. പി.സി. ബാലകൃഷ്ണന്‍ നമ്പ്യാര്‍ അവര്‍കളുടെ മഹനീയ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് ഈ സ്‌കൂളിന്റെ ഉദ്ഘാടനകര്‍മ്മം അന്നത്തെ സീനിയര്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ശ്രീ. സി. രാമന്‍ നിര്‍വ്വഹിച്ചു. 15 വിദ്യാര്‍ത്ഥികള്‍ മാത്രം. ഒരു താല്കാലിക ഷെഡ്. നേതൃസ്ഥാനത്ത് ഗോപാലന്‍ മാസ്റ്ററും. സര്‍വ്വോദയയുടെ പിറവിയുടെ ചരിത്രം ഇവിടെ ആരംഭിക്കുന്നു.

    ഏച്ചോത്ത് ഒരു സ്‌കൂള്‍ എന്ന ആശയം ശ്രീ. എ.ഗോപാലന്‍ നമ്പ്യാര്‍ മാസ്റ്റര്‍ എന്ന സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനിലാണ് അങ്കുരിച്ചത്. സ്‌കൂള്‍ ചരിത്രത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഗോപാലന്‍ നമ്പ്യാര്‍ മാസ്റ്ററെക്കുറിച്ച് സ്മരിക്കുന്നത് വളരെ നന്നായിരിക്കുമെന്ന് തോന്നുന്നു.

    അരിഞ്ചേര്‍മലയിലെ വയലില്‍ കുടുംബക്കാര്‍ ഇന്ന് താമസിക്കുന്ന സ്ഥലമായിരുന്നു ഗോപാലന്‍ മാസ്റ്ററുടെ താമസസ്ഥലം. ഇവിടെ നിന്ന് സ്ഥലം മാറി പാലൂര്‍കുന്ന് എന്നറിയപ്പെടുന്ന, ഇപ്പോള്‍ സ്‌കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് അദ്ദേഹം താമസമാരംഭിച്ചു.

    കേരളത്തിന്റെ പല ഭാഗത്തു നിന്നും കുടിയേറിവന്ന പലര്‍ക്കും ഗോപാലന്‍ മാസ്റ്റര്‍ അത്താണിയായിരുന്നു. സര്‍ക്കാര്‍ തലത്തിലുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന്, കാപ്പി വില്‍ക്കുന്നതിന് ആവശ്യമായ ടി.പി. ഫോം പൂരിപ്പിക്കുന്നതിന്, കത്തിടപാടുകള്‍ നടത്തുന്നതിന്, ടെലഗ്രാം, മണിയോഡര്‍ തുടങ്ങിയവ അയക്കുന്നതിന്... ഇത്തരത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും മാസ്റ്ററെ സമീപിച്ചായിരുന്നു അക്ഷരഭ്യാസമില്ലാത്തവര്‍ കാര്യങ്ങള്‍ നടത്തിയിരുന്നത്. വായനശാല, പോസ്‌റ്റോഫീസ് എന്നിവ മാസ്റ്ററുടെ അധ്വാനത്താല്‍ ഏച്ചോത്തിന് കൈവന്നതാണ്.

    ദേശവാസികളും കുടിയേറ്റക്കാരുമായി ധാരാളം പേര്‍ ഇവിടെ താമസം തുടങ്ങി. സാധാരണ ജനങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള അവസരമൊരുക്കാന്‍ ഗോപാലന്‍ മാസ്റ്ററുടെ തീവ്രമായ ആഗ്രഹം സഫലമാകുവാന്‍ അധികകാലം വേണ്ടി വന്നില്ല.

    1950കളില്‍ ശ്രീ. എന്‍.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ വയനാട്ടില്‍ അറിയപ്പെടുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു. ഗോപാലന്‍ മാസ്റ്ററുടെ ബന്ധുവായ കുഞ്ഞികൃഷ്ണന്‍ നായര്‍ ഒരു ജന്മി കൂടിയായിരുന്നു. നേതൃത്വനിരയിലേയ്ക്ക് ഉയര്‍ന്നു വരുന്ന കുഞ്ഞികൃഷ്ണന്‍ നായരുടെ സഹായം സ്‌കൂളിന്റെ തുടക്കത്തിന് സഹായകമാകുമെന്ന് മനസ്സിലാക്കിയ മാസ്റ്റര്‍  ശ്രീ. സി.പി. നായരേയും കൂട്ടി കുഞ്ഞികൃഷ്ണന്‍ നായരെ കണ്ട് വിവരം ധരിപ്പിച്ചു. ഗോപാലന്‍ മാസ്റ്ററുടെ ആവശ്യം കേട്ട എന്‍.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍ സ്‌കൂള്‍ തുടങ്ങാമെന്ന് തീരുമാനിച്ചു. സ്‌കൂള്‍ ആരംഭിക്കുന്നതിന് മുന്‍പു തന്നെ കുട്ടികളെയടക്കം കൂട്ടി ഗോപാലന്‍ മാസ്റ്റര്‍ പഠനകളരി ആരംഭിച്ചിരുന്നു. അങ്ങനെ മാസ്റ്ററുടെയും മറ്റും നിരന്തരമായ കഠിനപരിശ്രമത്താലും കുഞ്ഞികൃഷ്ണന്‍ നായരുടെ രാഷ്ട്രീയ-സാമൂഹ്യ ബന്ധങ്ങളുടെ സ്വാധീനത്താലും ഇന്നത്തെ സര്‍വ്വോദയ സ്‌കൂള്‍ എന്ന മഹത്തായ പ്രസ്ഥാനത്തിന് തുടക്കമായി.

    ഗാന്ധിജിയുടെ കടുത്ത ആരാധകനായിരുന്നു എന്‍.കെ. കുഞ്ഞികൃഷ്ണന്‍ നായര്‍. അതുകൊണ്ടുതന്നെ സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ നെടുതൂണും പ്രമുഖ ഗാന്ധിയനുമായിരുന്ന ശ്രീ. ജയപ്രകാശ് നാരായണന്റെ സര്‍വ്വോദയ പ്രസ്ഥാനത്തെ അനുസ്മരിച്ചുകൊണ്ട് കേരളത്തിലെ അന്നത്തെ സര്‍വ്വോദയ പ്രസ്ഥാനത്തിന്റെ നേതാവ് ശ്രീ. എന്‍.പി. മന്‍മഥന്‍ സര്‍വ്വോദയ എന്ന പേര് നിര്‍ദ്ദേശിക്കുകയും ഈ സ്‌കൂളിന് സര്‍വ്വോദയ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

    തനിക്കുണ്ടായിരുന്ന സര്‍ക്കാര്‍ ജോലി രാജി വെച്ച് ഗോപാലന്‍ മാസ്റ്റര്‍ പ്രഥമാധ്യാപകനായി ചുമതലയേറ്റു. വളരെ കുറച്ച് വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു സ്‌കൂളില്‍ ഉണ്ടായിരുന്നത്. ഈ സ്‌കൂളിന്റെ ഹെഡ്മാസ്റ്ററായി വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന ശ്രീ. സി.കെ. ഉണ്ണികൃഷ്ണന്‍ മാസ്റ്ററായിരുന്നു ഈ സ്‌കൂള്‍ രജിസ്റ്ററിലെ ആദ്യ വിദ്യാര്‍ത്ഥി. ഇദ്ദേഹം സ്ഥാപക മാനേജരായ എന്‍.കെ. കുഞ്ഞികൃഷ്ണന്‍ നായരുടെ പുത്രനാണ്.




    ഇന്ന് കാണുന്ന സര്‍വ്വോദയ സ്‌കൂളിന്റെ വിശാലമായ മൈതാനത്തിന്റെ കിഴക്ക് ഭാഗത്ത് ഏതാണ്ട് മധ്യത്തിലായി പുല്ല് മേഞ്ഞ ഒരു ഷെഡിലായിരുന്നു സ്‌കൂളിന്റെ തുടക്കം. ആവശ്യത്തിന് ബെഞ്ചോ, ഡെസ്‌കോ യാതൊരുവിധ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.

    1955ല്‍ സ്‌കൂള്‍ പൂര്‍ണ എല്‍.പി.  സ്‌കൂളായി ഉയര്‍ന്നു വന്നു. മദ്രാസ് ഗവണ്‍മെന്റിന്റെ കീഴിലായിരുന്നു സ്‌കൂള്‍. മീനങ്ങാടി സ്വദേശിനിയായ സലോമി ടീച്ചര്‍ ഹെഡ്മിസ്ട്രസ്സായി. സ്‌കൂളിലെ പല ദിവസങ്ങളിലും കുട്ടികള്‍ കുറവായിരുന്നു. അന്നത്തെ സാഹചര്യമതായിരുന്നു. ഗോപാലന്‍ മാസ്റ്റര്‍ ദിവസവും കുട്ടികളുടെ വീട്ടില്‍ പോയിരുന്നു. ഇന്നത്തെപ്പോലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അന്നുണ്ടായിരുന്നില്ല. കുട്ടികള്‍ ഏറെയും പട്ടിണിക്കാരായിരുന്നു. ഗോപാലന്‍ മാസ്റ്ററും മറ്റുള്ളവരും ചേര്‍ന്ന് സ്‌കൂളില്‍ കഞ്ഞിയും പുഴുക്കും വിതരണം ചെയ്തിരുന്നു. 1960ല്‍ എല്‍.പി. സ്‌കൂള്‍ യു.പി.യായി ഉയര്‍ന്നു. ശ്രീ. കെ.പി. രാമക്കുറുപ്പ്, ശ്രീ. നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ ഈ സ്‌കൂളിലെ അധ്യാപകരായി ചുമതലയേറ്റു.

    കുറച്ചുകാലം ഹെഡ്മിസ്ട്രസ്സായിരുന്ന സലോമി ടീച്ചര്‍ ഗവണ്‍മെന്റ് സ്‌കൂളിലേയ്ക്ക് തിരിച്ചു പോയി. ശ്രീ. നാരായണന്‍ നമ്പ്യാര്‍ മാസ്റ്റര്‍ പുതിയ ഹെഡ്മാസ്റ്ററായി ചാര്‍ജെടുത്തു. ഇദ്ദേഹം ഏതാനും മാസങ്ങള്‍ മാത്രമേ ഇവിടെ ജോലി ചെയ്തുള്ളു. 

    1960ല്‍ ശ്രീ. പി.കെ. ഗംഗാധരന്‍ നമ്പ്യാര്‍ ഈ സ്‌കൂളിലെ പ്രധാനാധ്യാപകനായി ചുമതലയേറ്റു. 1982ല്‍ സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ന്നതുവരെ ഇദ്ദേഹമായിരുന്നു ഹെഡ്മാസ്റ്റര്‍.കുറച്ചു കാലങ്ങള്‍ക്കു ശേഷം മാനേജരുടെ മകനും ഇവിടെ അധ്യാപകനുമായ ശ്രീ. സി.കെ. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍ ഹെഡ്മാസ്റ്ററാവുകയും ഗംഗാധരന്‍ മാസ്റ്റര്‍ അധ്യാപകനായി തുടരുകയും ചെയ്തു.



    സര്‍വ്വോദയ വളര്‍ച്ചയുടെ അവിസ്മരണീയമായ ഒരു മുഹൂര്‍ത്തമാണ് മാനേജ്‌മെന്റ് മാറ്റം. 1990ല്‍ ഈ സ്‌കൂളിന്റെ മാനേജ്‌മെന്റ് കേരളാ ജെസ്യൂട്ട് എഡ്യൂക്കേഷന്‍ സൊസൈറ്റി ഏറ്റെടുത്തു. പച്ചിലക്കാടുള്ള പ്രശാന്തി ആശ്രമത്തില്‍ നിന്നാണ് ആദ്യകാലത്ത് വൈദീകര്‍ ഇവിടെ എത്തിയിരുന്നത്. സ്‌കൂളിന് തൊട്ടടുത്തുള്ള ഒരു വീട് വാങ്ങി, വൈദീകമന്ദിരം ഇവിടെയായതോടുകൂടി സ്‌കൂളിന്റെ കാര്യങ്ങളില്‍ നന്നായി ശ്രദ്ധിക്കുവാന്‍ ഇവര്‍ക്ക് കഴിഞ്ഞു. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികളെ സ്‌കൂളില്‍ തന്നെ താമസിപ്പിച്ച് പഠിപ്പിക്കുവാന്‍ ആരംഭിച്ചത് സര്‍വ്വോദയാ സ്‌കൂളിന്റെ വേറിട്ടൊരു പരിപാടികയായിരുന്നു. 

    സ്‌കൂളിനെ പുരോഗതിയിലേക്ക് നയിച്ച മുന്‍ മാനേജര്‍മാരാണ് ഫാ. പോള്‍ വടക്കേല്‍ എസ്.ജെ., ഫാ. മാത്യു പുല്ലാട്ട് എസ്.ജെ., ഫാ. ജോസഫ് തൈപറമ്പില്‍ എസ്.ജെ., ഫാ. തോമസ് ആന്ത്രപ്പേര്‍ എസ്.ജെ., ഫാ. ഫിലിപ്പ് തയ്യില്‍ എസ്.ജെ., ഫാ. കുര്യാക്കോസ് പുത്തന്‍പാറ എസ്.ജെ., ഫാ. ബേബി ചാലില്‍ എസ്.ജെ. തുടങ്ങിയവര്‍. ഫാ. ഇ.ജെ. തോമസ് എസ്.ജെയാണ് ഇപ്പോള്‍ സര്‍വ്വോദയയുടെ മാനേജര്‍ പദവി അലങ്കരിക്കുന്നത്.

    2004ല്‍ മൂന്ന് നിലകളോടു കൂടിയ പുതിയ ഒരു സ്‌കൂള്‍ കെട്ടിടം നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. അതോടനുബന്ധിച്ച് സംഘടിപ്പിച്ച ഓള്‍ വയനാട് എക്‌സിബിഷന്‍ ജനശ്രദ്ധ പിടിച്ചു പറ്റിയ ഒരു പരിപാടിയായിരുന്നു. മുന്‍ മാനേജരായിരുന്ന ഫാ. ബേബി ചാലിലിന്റെ കഠിനാദ്ധ്വാനത്തിന്റെ ഫലമായി 2010 ആഗസ്റ്റ് 12ന് സര്‍വ്വോദയ ഹൈസ്‌കൂള്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ന്നു. 1 മുതല്‍ 12-ാം ക്ലാസ്സു വരെ 1300ല്‍ പരം കുട്ടികള്‍ പഠിക്കുന്ന വയനാട്ടിലെ പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നായി ഇത് മാറി. ഇന്ന് അന്‍പത് അധ്യാപകരും ഏഴ് ഓഫീസ് ജീവനക്കാരുമടങ്ങുന്ന ഒരു വലിയ കുടുംബമാണ് സര്‍വ്വോദയ.

    പഠന-പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ സര്‍വ്വോദയ മുന്നിട്ടു നില്‍ക്കുന്നു. ഉപജില്ല-ജില്ല-സംസ്ഥാന പ്രവൃത്തി പരിചയ മേളകളില്‍ വര്‍ഷങ്ങളായി സര്‍വ്വോദയ സ്‌കൂള്‍ സാന്നിധ്യമറിയിക്കുന്നുണ്ട്. കലാ-കായിക രംഗത്തും സ്‌കൂള്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നു. സ്‌കൂള്‍ നേതൃത്വം നല്‍കി എല്ലാ വര്‍ഷവും നടത്തിവരുന്ന അഖില വയനാട് സ്‌കൂള്‍ തല ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റാണ് സര്‍വ്വോദയ കപ്പ്. ധാരാളം സ്‌കൂളുകള്‍ ഈ മത്സരത്തില്‍ പങ്കെടുക്കാറുണ്ട്. ഇതിലൂടെ വിദ്യാലയത്തിലെ ഫുട്‌ബോള്‍ ടീം മികച്ച പ്രകടനം കാഴ്ചവെച്ച് മുന്നേറുന്നു.

    വിദ്യാലയത്തിലെ അടല്‍ ടിങ്കറിംഗ് ലാബ് ഈ മേഖലയുടെ വികസനത്തിന് ഒരു പൊന്‍തൂവല്‍ കൂടിയാണ്. വയനാട്ടിലെ ഏറ്റവും ശക്തമായ സ്‌കൗട്ട്-ഗൈഡ് പ്രസ്ഥാനം സര്‍വ്വോദയ സ്‌കൂളിലുണ്ട്. ധൈര്യവും അര്‍പ്പണ ബോധവുമുള്ള ധാരാളം വിദ്യാര്‍ത്ഥികളെ രാഷ്ട്രപതി, രാജ്യപുരസ്‌കാര്‍, സ്‌കൗട്ട്-ഗൈഡ്കളായി വളര്‍ത്തിയെടുക്കാന്‍ ഇവരുടെ ശ്രമഫലമായി സാധിച്ചിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദി, സയന്‍സ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഗണിത ക്ലബ്ബ്, സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്, ലഹരി വിരുദ്ധ ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, സൗഹൃദ ക്ലബ്ബ്, ജൂനിയര്‍ റെഡ് ക്രോസ്, എന്‍.സി.സി., ലിറ്റില്‍ കൈറ്റ്‌സ്, സഞ്ചയിക, പെന്‍ബൂത്ത്, വിവിധ നേതൃത്വ പരിശീലന ശിബിരങ്ങള്‍, എന്‍.എം.എം.എസ്. സ്‌കോളര്‍ഷിപ്പിനു കുട്ടികളെ തയ്യാറാക്കുന്നതിനായി വിദഗ്ധരെ ഉള്‍പ്പെടുത്തി പ്രത്യേക പരിശീലനം തുടങ്ങിയ വിവിധ പ്രവര്‍ത്തനങ്ങളിലൂടെ സ്‌കൂള്‍ അനുദിനം വളര്‍ച്ചയുടെ പാതയിലാണ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിലെ മൂന്ന് സയന്‍സ് ലാബുകള്‍ മെച്ചപ്പെട്ട രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നത് ശ്രദ്ധേയമാണ്. 

    സ്‌കൂള്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ചാന്ദ്രദിന പരിപാടികള്‍ മാധ്യമ ശ്രദ്ധ നേടി. ശാസ്ത്രമേളയില്‍ ഇംപ്രവൈസ്ഡ് എക്‌സപിരിമെന്റ്, സയന്‍സ് സെമിനാര്‍ തുടങ്ങിയ വിവിധ മത്സരങ്ങളില്‍ മികച്ച നേട്ടം കൈവരിച്ചു. ഇന്‍സ്‌പെയര്‍ അവാര്‍ഡിന് അര്‍ഹനായി സോണല്‍, സംസ്ഥാന മത്സരത്തിനും മികവ് തെളിയിക്കുയുണ്ടായി. യാത്രാ സൗകര്യത്തിന്റെ അപര്യാപ്തതയുള്ള ഈ പ്രദേശത്തുകാര്‍ക്ക് ഈ വിദ്യാലയം ഒരനുഗ്രഹമാണ്. ദൂരെ സ്ഥലത്തു നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് എത്തിച്ചേരാന്‍ നാല് ബസ്സുകള്‍ സര്‍വ്വോദയയ്ക്ക് സ്വന്തമായുണ്ട്. കൂടാതെ ഗോത്രസാരഥി പദ്ധതിയും യാത്രാ പ്രശ്‌നത്തിന് പരിഹാരമാണ്.

    ഗോത്ര സമൂഹത്തിന്റെ പുരോഗതി സര്‍വ്വോദയയുടെ ലക്ഷ്യങ്ങളില്‍ പ്രധാനപ്പെട്ടതാണ്. നാല്‍പ്പത് ശതമാനത്തിനു മേല്‍ ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഈ വിദ്യാലയത്തിന്റെ സഹോദര സ്ഥാപനമാണ് തുടി നാട്ടറിവ് പഠന കേന്ദ്രം. വരും തലമുറയെ അച്ചടക്കവും പൗരബോധവും ഉത്തരവാദിത്വ ബോധവും ഉള്ള നല്ല വ്യക്തികളായി വാര്‍ത്തെടുക്കുക എന്ന ദൗത്യത്തിനു വേണ്ടി നിലകൊള്ളുന്ന സ്ഥാപനം വളര്‍ച്ചയുടെ പാതയിലാണ്. ആത്മാര്‍ത്ഥത കൈമുതലായുള്ള അധ്യാപകര്‍ ഈ വളര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ അര്‍പ്പണ ബോധമുള്ള മാനേജ്‌മെന്റും അവശ്യ ബോധമുള്ള രക്ഷിതാക്കളും ഉത്തരവാദിത്വമുള്ള കുട്ടികളും വിദ്യാലയത്തിന്റെ ലക്ഷ്യം പ്രാപിക്കാന്‍ കരുത്തു പകരുന്നു. എല്ലാവരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങള്‍ സര്‍വ്വോദയയെ മികച്ചതാക്കുന്നു...

No comments:

Post a Comment